11:09am 11 September 2026
NEWS
ഇറാനെ തകർത്ത ‘ഓപ്പറേഷൻ എപിക് ഫ്യൂറി’യുടെ വിശദാംശങ്ങൾ പുറത്ത്
10/03/2026  05:40 PM IST
nila
ഇറാനെ തകർത്ത ‘ഓപ്പറേഷൻ എപിക് ഫ്യൂറി’യുടെ വിശദാംശങ്ങൾ പുറത്ത്

വാഷിങ്ടൺ: ഇറാനെ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയ വലിയ സൈനിക ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് യുഎസ് സെൻട്രൽ കമാൻഡ്. ഫെബ്രുവരി 28-ന് പുലർച്ചെ 1.15-ഓടെയാണ് ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്ന പേരിൽ ആക്രമണം ആരംഭിച്ചത് എന്നാണ് സെൻട്രൽ കമാൻഡ് വ്യക്തമാക്കുന്നത്. ഇറാനിലുടനീളം ആയിരക്കണക്കിന് ലക്ഷ്യസ്ഥാനങ്ങളിലാണ് സേന ആക്രമണം നടത്തിയതെന്ന് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ച പോസ്റ്റിലാണ് ‘ഓപ്പറേഷൻ എപിക് ഫ്യൂറി’യുടെ വിശദാംശങ്ങൾ യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കുന്നത്. 

പ്രാദേശിക സുരക്ഷയ്ക്ക് അടിയന്തര ഭീഷണിയായ കേന്ദ്രങ്ങളെയാണ് മുൻഗണന നൽകി ലക്ഷ്യമിട്ടതെന്ന് യുഎസ് സെൻട്രൽ കമാൻഡ് പറയുന്നു. പ്രത്യേകിച്ച് നാവിക മേഖലയിലാണ് ഇറാൻ വൻ നഷ്ടം നേരിട്ടതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുഎസ് ആക്രമണത്തിൽ അൻപതിലധികം ഇറാനിയൻ കപ്പലുകൾ തകരുകയോ ഗുരുതരമായി കേടുപാടുകൾ സംഭവിക്കുകയോ ചെയ്തു. ഇറാൻ നാവികസേനയുടെ കപ്പലുകളും അന്തർവാഹിനികളും മാത്രമല്ല, കപ്പലുകളെ ലക്ഷ്യമിട്ട് ആക്രമണം നടത്താൻ കഴിയുന്ന ആന്റി-ഷിപ്പ് മിസൈൽ സൈറ്റുകളും അമേരിക്കൻ സേന തകർത്തതായി പറയുന്നു.

ഈ ദൗത്യത്തിനായി അമേരിക്ക അത്യാധുനിക യുദ്ധവിമാനങ്ങളും ബോംബറുകളും വൻതോതിൽ വിന്യസിച്ചു. ദീർഘദൂര സൂപ്പർസോണിക് ബോംബറായ ബി-1, സ്റ്റെൽത്ത് ശേഷിയുള്ള ബി-2, ഹെവി ബോംബറായ ബി-52 എന്നിവ പ്രധാന ആക്രമണങ്ങൾക്ക് നേതൃത്വം നൽകി. കൂടാതെ എഫ്-22, എഫ്-35 എന്നീ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനങ്ങളും എഫ്-15, എഫ്-16, എഫ്-18 യുദ്ധവിമാനങ്ങളും ഓപ്പറേഷനിൽ പങ്കെടുത്തു.

കരയിലെ ലക്ഷ്യങ്ങൾ തകർക്കാൻ എ-10 അറ്റാക്ക് ജെറ്റുകളും നിരീക്ഷണത്തിനും ആക്രമണത്തിനുമായി എംക്യു-9 റീപ്പർ ഉൾപ്പെടെയുള്ള ഡ്രോണുകളും വിന്യസിച്ചു. കടൽപ്രദേശങ്ങളിലെ നീക്കങ്ങൾ നിയന്ത്രിക്കാൻ ആണവോർജത്തിൽ പ്രവർത്തിക്കുന്ന വിമാനവാഹിനിക്കപ്പലുകളും ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകളും ഉപയോഗിച്ചതായും റിപ്പോർട്ടുണ്ട്.

വ്യോമ പ്രതിരോധത്തിനായി പാട്രിയറ്റ് മിസൈൽ സംവിധാനങ്ങളും താഡ് ആന്റി-ബാലിസ്റ്റിക് മിസൈൽ സംവിധാനങ്ങളും സജ്ജമാക്കി. ഇറാന്റെ റഡാർ സംവിധാനങ്ങളെയും ആശയവിനിമയ ശൃംഖലയെയും തകർക്കാൻ ഇഎ-18ജി ഇലക്ട്രോണിക് അറ്റാക്ക് വിമാനങ്ങളും വിന്യസിച്ചു.

രഹസ്യാന്വേഷണ പ്രവർത്തനങ്ങൾക്ക് യു-2 ഡ്രാഗൺ ലേഡി, പി-8 മാരിടൈം പട്രോൾ, ആർസി-135 വിമാനങ്ങൾ ഉപയോഗിച്ചു. യുദ്ധഭൂമിയിലെ ആശയവിനിമയത്തിനും ചരക്ക് നീക്കത്തിനുമായി ഇ-2ഡി ഹോക്കി, സി-17 ഗ്ലോബ്മാസ്റ്റർ, സി-130 തുടങ്ങിയ വിമാനങ്ങളും ഇന്ധനം നിറയ്ക്കുന്ന ടാങ്കർ വിമാനങ്ങളും പ്രവർത്തിച്ചു.

ഇറാന്റെ കമാൻഡ് ആൻഡ് കൺട്രോൾ കേന്ദ്രങ്ങൾ, ഐആർജിസി ആസ്ഥാനങ്ങൾ, ഇന്റലിജൻസ് കേന്ദ്രങ്ങൾ, ബാലിസ്റ്റിക് മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ, ഡ്രോൺ-മിസൈൽ നിർമ്മാണ യൂണിറ്റുകൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവയാണ് പ്രധാനമായും ആക്രമണത്തിന് ഇരയായതെന്ന് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img